തിരുവനന്തപുരം: സവർണമേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താൽ അവർ ഭീഷണിപ്പെടുത്തി പൊതുജീവിതത്തെ തന്നെ തകർക്കുമെന്നും സിപിഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. അവിടെ ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. താൻ ഈ സെക്രട്ടേറിയറ്റിൽ അഞ്ച് വർഷം ഇരുന്നിട്ടുണ്ട്. ആ പ്രണതകൾ ഇന്നും തുടരുന്നുണ്ട്. അതിനൊരു മാറ്റവും വന്നിട്ടില്ല.
മന്ത്രിയായിരിക്കെയാണ് താൻ ജാതി വിവേചനത്തിന് ഇരയായതെന്ന വെളിപ്പെടുത്തലാണ് ദിവാകരൻ നടത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് അതെന്നും അദ്ദേഹം തുറന്നടിച്ചു.
താൻ നാല് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. മൂന്നെണ്ണത്തിലും വിജയിച്ചു. എന്നാൽ ,നാലാമത്തെ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം കൊടുംജാതിയാണ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ഇയാള്‍ നമ്മുടെ ആളാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നതെന്നും കണ്ടിരുന്നതായി ദിവാകരൻ പറഞ്ഞു.