മുംബൈ: ഭഗവാൻ ശ്രീരാമനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദിനെതിരെ പോലീസിൽ പരാതി നൽകി ബിജെപി എംഎൽഎ രാം കദം. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളാണ് അവ്ഹാദ് നടത്തിയതെന്നും, ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
സാധാരണ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീരാമൻ മാംസാഹാരമാണ് കഴിച്ചിരുന്നതെന്നാണ് അവ്ഹാദ് അവകാശപ്പെട്ടത്. എന്നാൽ അവ്ഹാദ് നടത്തിയ പരാമർശങ്ങൾ ഒരാൾക്ക് പോലും സ്വീകാര്യമല്ലെന്നും, അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് ഇതെന്നും രാം കദം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് അവ്ഹാദിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പോലീസ് ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടി എന്തും പറയാമെന്ന നിലയിലാണ് ഈ പരാമർശങ്ങൾ നടത്തിയതെന്നും, അവ്ഹാദിന്റെ ഭാഗത്ത് നിന്ന് എല്ലായ്‌പ്പോഴും ഈ സമീപനമാണ് ഉണ്ടാകാറുള്ളതെന്നും രാം കദം പറയുന്നു.
ഒരു പൊതുചടങ്ങിനിടെ അവ്ഹാദ് നടത്തിയ ഈ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയുടെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. അവ്ഹാദ് നടത്തിയ അധിക്ഷേപ പരാമർശങ്ങളിന്മേൽ നിശബ്ദത പാലിച്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും രാം കദം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.