ടെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ടെലിഗ്രാം ചാനൽ വഴിയാണ് ഐഎസ് സ്ഫോടനത്തിൽ പങ്കുള്ള വിവരം പുറത്തുവിട്ടത്. ഇറാനെ ഞെട്ടിച്ച് സ്ഫോടനത്തിൽ 103 പേരുടെ ജീവനാണ് പൊലിഞ്ഞത്.
സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്നായിരുന്നു ഇറാന്റെ ആരോപണം. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തത്.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. സ്മാരകത്തിൽനിന്ന് 700 മീറ്റർ അകലെയായിരുന്നു ആദ്യ സ്‌ഫോടനം. 13 മിനിറ്റിന് ശേഷം രണ്ടാമത്തെ സ്‌ഫോടനം നടന്നു. ആക്രമണത്തിൽ 200-ലധികം പേർക്കാണ് പരിക്കേറ്റത്.















