ന്യൂഡൽഹി: അതിശൈത്യത്തിൽ വിറച്ച് ഡൽഹിയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. കടുത്ത മൂടൽമഞ്ഞും തണുത്ത കാറ്റും തുടരുകയാണ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഗതാഗതവും ജനജീവിതവും പ്രതിസന്ധിയിലാണ്. ഡൽഹിയിൽ 12.5 ഡിഗ്രി സെൽഷ്യസ് ഉണ്ടായിരുന്ന താപനില 6 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. അടുത്ത രണ്ടു ദിവസത്തേക്ക് പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, ഉത്തർപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിയ തോതിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെക്കുപാടിഞ്ഞാറൻ ഉഷ്ണക്കാറ്റിന്റെ സ്വാധീനത്തിൽ ഞായറാഴ്ച മുതൽ ശരാശരി താപനില 2-4 വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ നേരിയ തോതിൽ മഴക്കും സാധ്യതതയുണ്ട്. ഇത് മൂടൽമഞ്ഞിൽ നിന്നും ശമനം നൽകും. നിലവിൽ അതിശൈത്യം കാരണം ഉത്തർപ്രദേശിലെ ലക്നൗ ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.