ലോകമെമ്പാടും നേരിന്റെ ആവേശം കൂടുന്നു. യുഎസിലും മോഹൻലാൽ ചിത്രം ബോക്സോഫീസിൽ കുതിച്ചുയരുന്നു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ സ്വന്തമാക്കിയത്.
ഗൾഫിലും നേരിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ക്രിസ്തുമസ് സമ്മാനമായി മലയാളികൾക്ക് മുന്നിലെത്തിയ ചിത്രം ആരാധകരുടെ ആവേശം പതിന്മടങ്ങ് കൂട്ടി. ഗൾഫിൽ 20 കോടിയാണ് നേര് ഇതുവരെ നേടിയത്. യുഎസിൽ 18 സ്ക്രീനുകൾ മാത്രമായിരുന്നു റിലീസ് നടന്നിരുന്നത്. എന്നാൽ അതിന് ശേഷമുള്ള ദിവസങ്ങളിൽ സ്ക്രീനുകൾ കൂടി. നിലവിൽ 48 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ആഗോള തലത്തിൽ ഇതുവരെ 70 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ 100 കോടി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റിലീസിന് 200 സ്ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തുൾപ്പെടെ ചിത്രത്തിന് അധിക സ്ക്രീനുകള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അഭിഭാഷകനായെത്തിയ മോഹൻലാലിന്റെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തിലുള്ളത്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.