ചണ്ഡീഗഢ്: അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിൽ, കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ നിന്ന് വിദേശ നിർമിത ആയുധങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു. ഹരിയാന കോൺഗ്രസ് എംഎൽഎ സുരേന്ദ്ര പൻവാർ, ഐഎൻഎൽഡി മുൻ എംഎൽഎ ദിൽബാഗ് സിങ് എന്നിവരുമായി ബന്ധപ്പെട്ട 20 ലധികം സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
അനധികൃത വിദേശനിർമിത ആയുധങ്ങൾ, 300 വെടിയുണ്ടകൾ, 100 ലധികം മദ്യക്കുപ്പികൾ, 5കോടി രൂപ, 5കിലോ സ്വർണ ബിസ്‌ക്കറ്റുകൾ എന്നിവയാണ് ഇഡി കണ്ടെടുത്തത്. ഇതു കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള ബിനാമി സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി സുരേന്ദ്ര പൻവാറിന്റെ വസതിയിൽ റെയ്ഡ് തുടരുകയാണ്.
ഐഎൻഎൽഡി( ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് സിംഗ് ചൗട്ടാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദിൽബാഗ് സിംഗ്. ദിൽബാഗ് സിംഗിന്റെ മകളെ വിവാഹം കഴിച്ചത് അഭയ് സിംഗ് ചൗട്ടാലയുടെ മകനാണ്.
അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎയിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുകയാണ്. ഖനനവുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു.
റെയ്ഡ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎ വസതിയിൽ ഉണ്ടായിരുന്നു. സുരേന്ദ്ര പൻവാറിന്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ കണ്ടെടുത്തതായി സുചനകൾ പുറത്തുവന്നിട്ടുണ്ട്.















