തിരുവനന്തപുരം: തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി തേടി സിബിഐ. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിനാണ് സിബിഐ അനുമതി തേടിയത്. തിരുവല്ലം സ്റ്റേഷനിലെ സിഐ ആയിരുന്ന വിപിൻ പ്രകാശ്, സജീവ് കുമാർ, സുരേഷ് എന്നിവരെ പ്രതി ചേർക്കാനാണ് സിബിഐയുടെ നീക്കം.
2022 ഫെബ്രുവരിയിലാണ് തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത്. തിരുവല്ലം നെല്ലിയോട് സ്വദേശി സുരേഷാണ് മരിച്ചത്. കസ്റ്റഡിലിരിക്കെ പോലീസ് സുരേഷിനെ മർദ്ദിച്ചതായി ഒപ്പമുള്ളവർ പറഞ്ഞിരുന്നു. സുരേഷ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദമ്പതികളെ ആക്രമിച്ചതിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ, പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കൊണ്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സർക്കാർ അനുമതി ലഭിക്കാതെ എങ്ങനെയാണ് പ്രതി ചേർത്ത് റിപ്പോർട്ട് സമർപ്പിക്കാനാകുന്നതെന്ന് കോടതി കോടതി ചോദിച്ചിരുന്നു. തുടർന്നാണ് വീണ്ടും അനുമതി തേടി സിബിഐയുടെ നീക്കങ്ങൾ ആരംഭിച്ചത്.















