മിമിക്രി കലാകാരന്മാരുടെ ചില പ്രകടനങ്ങൾ കണ്ട് നമ്മളെല്ലാം അത്ഭുതപ്പെടാറുണ്ട്. പ്രത്യേകിച്ച് ശബ്ദാനുകരണങ്ങളും ഫിഗർ ഷോസും. നമുക്ക് പ്രിയപ്പെട്ട സിനിമാ താരങ്ങളുടെയും രാഷ്‌ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും ശബ്ദവും രൂപവും അനുകരിച്ച് മിമിക്രി കലാകാരന്മാർ കയ്യടി നേടുന്നു. സമൂഹമാദ്ധ്യമങ്ങൾ പ്രചാരം നേടിയതോടെ മിമിക്രി കലാകാരന്മാർക്ക് പുറമെ സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ള സാധാരണക്കാരും ജനശ്രദ്ധ പിടിച്ചുപ്പറ്റാറുണ്ട്. മേക്കപ്പ് ചെയ്ത് താരങ്ങളെ അനുകരിക്കുകയല്ല, രൂപ സാദൃശ്യം കൊണ്ട് ഞെട്ടിക്കുകയാണ് ചിലർ. ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചിലരെ പരിചയപ്പെടാം.
നടി ശോഭനയുടെ പഴയകാല ഛായയുള്ള ഒരു ഗായിക സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുവതിയെ കണ്ടാൽ പഴയകാല ശോഭനയാണെന്നേ പറയൂ. അത്രയ്‌ക്കുണ്ട് രൂപസാദൃശ്യം. തമിഴ്നാട്ടുകാരിയായ കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദാണ് ശോഭനയുടെ അപര.
മലയാളികളുടെ ഇഷ്‍ടതാരമാണ് നടൻ പ്രണവ് മോഹൻലാൽ. താരപുത്രന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവ് അടുത്തിടെ ജനങ്ങളെ ഞെട്ടിച്ചിരുന്നു. പ്രതാപ് ഗോപാൽ എന്നാണ് പ്രണവിന്റെ രൂപസാദൃശ്യമുള്ള യുവാവിന്റെ പേര്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്.
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അപരൻ കേരളത്തിലെ ഫോർട്ട് കൊച്ചിയിലുണ്ട്. ചായക്കടയിൽ ജോലിക്കാരനായ സുധാകര പ്രഭുവാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ തലൈവരുടെ അപരൻ.
സോഷ്യൽ മീഡിയയ്‌ക്ക് പരിചിതനായ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി അപാരമായ രൂപസാദൃശ്യമുള്ള ഇബ്രാഹിം ഖദ്രി. പൊതു ഇടങ്ങളിലെല്ലാം ഷാരൂഖ് ഖാൻ സ്റ്റൈലിലാണ് ഇബ്രാഹിം പ്രത്യക്ഷപ്പെടാറുള്ളത്.