കേപ്ടൗൺ: പ്രോട്ടീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. ഇതോടെ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥിനൊപ്പമെത്താൻ താരത്തിനായി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള വെങ്കടേഷ് പ്രസാദ്, എസ് ശ്രീശാന്ത്, മുഹമ്മദ് ഷമി എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ താരമാണ് ബുമ്ര. ആറ് തവണയാണ് ഈ രാജ്യങ്ങളിൽ ബുമ്ര അഞ്ച് വിക്കറ്റ് നേടിയത്. ഏഴ് തവണ നേട്ടം സ്വന്തമാക്കിയ കപിൽ ദേവാണ് പട്ടികയിൽ ഒന്നാമത്.
18 വിക്കറ്റുകളാണ് കേപ്ടൗണിൽ മാത്രം ബുമ്ര വീഴത്തിയത്. സന്ദർശക ടീമുകളിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ ബൗളറും ബുമ്രയാണ്. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാണ് ബുമ്ര. അനിൽ കുംബ്ലെ (45), ജവഗൽ ശ്രീനാഥ് (43) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.