ന്യൂഡൽഹി: പ്രവർത്തന രഹിതമായ ബാങ്ക് അക്കൗണ്ടുകൾക്ക് പരിഹാരം കാണാനൊരുങ്ങി ആർബിഐ. അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുകയോ ക്ലെയിമുകൾ തീർക്കുകയോ ഉപഭോക്താക്കളെ അല്ലെങ്കിൽ അവരുടെ അവകാശികളെയോ ബാങ്കുകൾ കണ്ടെത്തണമെന്ന് ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
രണ്ട് വർഷത്തിൽ അധികമായി ഇടപടുകളൊന്നും നടക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകളായി കണക്കാക്കുന്നത്. ഇത്തരം അക്കൗണ്ട് ഉപയോക്താക്കളെ ഇമെയിലുകൾ മുഖേനയോ ഫോൺ മുഖേനയോ ബന്ധപ്പെടാൻ ശ്രമിക്കണം. ക്ലെയിം ചെയ്യപ്പെടാത്ത മുൻ നിര 100 നിക്ഷേപങ്ങൾ തീർക്കുന്നതിനായി 100 ദിവസം 100 പേയ്സ് എന്ന പേരിൽ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സമയപരിധി 2024 ഏപ്രിൽ ഒന്ന് വരെ നീട്ടിയിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകൾ ആക്ടീവ് ആക്കുന്നതിന് ഹോം ബ്രാഞ്ചിൽ തന്നെ എത്തണമെന്ന നിബന്ധനയും ആർബിഐ പിൻവലിച്ചിട്ടുണ്ട്.
ഉടമകൾ ഇടപാട് നടത്താത്ത പക്ഷം അത്തരം അക്കൗണ്ടുകൾ 10 വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവയെർനെസ്സ് ഫണ്ടിലേക്ക് മാറ്റും. എന്നാൽ ഇവ കണ്ടുകെട്ടില്ലെന്നും അക്കൗണ്ട് ഉടമ കെവൈസി കൊടുക്കുന്ന പക്ഷം അത് പ്രവർത്തന ക്ഷമമാക്കുമെന്നും ആർബിഐ വ്യക്തമാക്കി.