ന്യൂഡൽഹി: വിവിപാറ്റിലും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ), ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ചും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഉയർത്തിയ ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ജയറാം രമേശ് കമ്മീഷന് കത്തെഴുതിയതിന് പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.ശർമ നൽകിയ മറുപടി കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ നിലവിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകൾക്ക് രൂപം കൊടുത്തത് അന്നത്തെ കേന്ദ്രസർക്കാരാണ്. നിലവിലെ ശക്തമായ നിയമചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കുള്ളിൽ മൈക്രോ കൺട്രോളർ കാർഡുകൾ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ ഉടനെ തന്നെ യന്ത്രം പ്രവർത്തനരഹിതമാകും.
നിലവിലെ സംവിധാനങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. വിവിപാറ്റുകൾ, വോട്ടിംഗ് മെഷീനുകൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ഫലങ്ങൾ അടിസ്ഥാനമാക്കിയാൽ അവ ഉപയോഗിക്കുന്നതിൽ പൂർണ വിശ്വാസമുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ സംഭവിക്കാമെങ്കിലും, അതൊരിക്കലും ഒരു സ്ഥാനാർത്ഥിക്ക് അനുകൂലമായ രീതിയിലേക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി കത്തിൽ പറയുന്നു.
വിവിപാറ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഇൻഡി മുന്നണിയിലെ നേതാക്കൾക്ക് അനുമതി ആവശ്യപ്പെട്ടാണ് ജയറാം രമേഷ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയത്. ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യണമെന്നും ഇതിൽ പറയുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇൻഡി മുന്നണിയുടെ നാലാം യോഗത്തിൽ ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.