ബംഗ്ലാദേശിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണ്.ബംഗ്ലാദേശ് ദേശീയ പാർലമെന്റായ “ജാതിയ സംഗസദ്” ൽ 350 അംഗങ്ങളുണ്ട്, അതിൽ 300 അംഗങ്ങളെ നേരിട്ട് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുന്നു. അഞ്ച് വർഷമാണ് പാർലമെന്റിന്റെ കാലാവധി.
ശേഷിക്കുന്ന 50 അംഗത്വങ്ങൾ നാമനിർദേശം ചെയ്യപ്പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയാണ്.രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതിയാണ്. രാഷ്ടപതിയെ ദേശീയ പാർലമെന്റാണ് തിരഞ്ഞെടുക്കുന്നത്, രാഷ്‌ട്രപതി എന്നത് ഒരു ആചാരപരമായ സ്ഥാനമാണ്.ഔദ്യോഗികമായി ബഹുകക്ഷി സംവിധാനമാണെകിലും ബംഗ്ലാദേശിൽ ഒരു അനൗദ്യോഗിക ദ്വികക്ഷി സംവിധാനമുണ്ട്. രണ്ട് പ്രബലമായ രാഷ്‌ട്രീയ പാർട്ടികളോ സഖ്യങ്ങളോആണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഒന്ന് ബംഗ്ലാദേശ് അവാമി ലീഗും മറ്റൊന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണ്. ജാതിയ പാർട്ടിയും (ഇർഷാദ്) മത്സരിക്കുന്നുണ്ട്.
പാകിസ്താന്റെ ദുർഭരണത്തിൽ നിന്നും 1971-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം 11 പൊതു തിരഞ്ഞെടുപ്പുകൾ ബംഗ്ലാദേശിൽ നടന്നിട്ടുണ്ട്.
അതി ശക്തരായ രണ്ടു സ്ത്രീകൾ നേതൃത്വം നൽകുന്ന രാഷ്‌ട്രീയപാർട്ടികളാണ് ബംഗ്ലാദേശിൽ ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ നായകൻ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനാ വാജിദ് ആണ് ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവ് . മറു വശത്ത്, ലെഫ്റ്റനന്റ് ജനറൽ സിയാവുർ റഹ്മാന്റെ പത്നി ബീഗം ഖാലിദ സിയാ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ്.
തൊട്ടു മുന്നത്തെ തിരഞ്ഞെടുപ്പ് നടന്നത് 2018 ലാണ്. 2018 ഡിസംബർ 30 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 80% പോളിങ് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് അവാമി ലീഗ് തെരഞ്ഞെടുപ്പിൽ നാലാം തവണയും വിജയിച്ചു. പാർട്ടി 302 സീറ്റുകൾ നേടിയപ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി 26 സീറ്റുകൾ മാത്രം നേടി പ്രധാന പ്രതിപക്ഷമായി.1991-ൽ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു. 1991 മുതൽ 1996 വരെയും പിന്നീട് 2001 വരെയും 2006 വരെയും പിനീട് രണ്ട് തവണ അവർ പ്രധാനമന്ത്രിയായിരുന്നു.
നിലവിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ജനുവരി 7 ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. ബിഎൻപി 2014 ലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും 2018 ലെ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു അമ്പേ പരാജയപ്പെട്ടിരുന്നു. അവാമി ലീഗ് നേതൃത്വത്തിലുള്ള സഖ്യം മൊത്തത്തിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമത്തെ തവണയും വിജയിക്കുമെന്നത് ഉറപ്പാണ്.
രാജ്യത്തിന്റെ നട്ടെല്ലായ വമ്പൻ വസ്ത്ര വ്യവസായത്തെ മുന്നോട്ട് നയിച്ച് 416 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചതിന്റെ ബഹുമതി അന്തരാഷ്‌ട്ര തലത്തിൽ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചു. ഒപ്പം തന്നെ മറ്റെല്ലാ മുസ്‌ലിം രാജ്യങ്ങളും പുറം തിരിഞ്ഞു നിന്നപ്പോൾ അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്ന ഒരു ദശലക്ഷത്തോളം റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് അഭയം നൽകിയതിന് അവർ അന്താരാഷ്‌ട്ര പ്രശംസയും നേടി.
യോഗ്യരായ 120 ദശലക്ഷം വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്, ഇവരിൽ ആദ്യ തവണ വോട്ടുചെയ്യുന്നവർ ഏകദേശം 15 ദശലക്ഷമാണ്. 300 പാർലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്നത് മൊത്തം 1,896 സ്ഥാനാർത്ഥികളാണ്, അവരിൽ 5.1% സ്ത്രീകളാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഏകദേശം 750,000 പോലീസ്, അർദ്ധസൈനിക, പോലീസ് സഹായികൾ തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പിന് കാവലുണ്ടാകും. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 127 വിദേശ നിരീക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കും, വിദേശത്ത് നിന്നുള്ള 59 പത്രപ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനുള്ള അംഗീകാരം ലഭിച്ചു.വോട്ടിംഗ് രാവിലെ 8 മണിക്ക് (0200 GMT) ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് (1000 GMT) അവസാനിക്കും. വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിക്കും, പ്രാരംഭ ഫലങ്ങൾ ജനുവരി 8-ന് പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച നാഷണലിസ്റ്റ് പാർട്ടി പക്ഷെ 48 മണിക്കൂർ പൊതു ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അത് ഇന്ന് – ശനിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച് 2024 ജനുവരി 8 തിങ്കളാഴ്ച രാവിലെ 6 മണിക്ക് അവസാനിക്കും .ജനുവരി 7 ന് വോട്ടുചെയ്യരുതെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
2024 ജനുവരി 5 ന്, പൊതു തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ്, ഒരു കൂട്ടം പ്രതിഷേധക്കാർ ബെനാപോൾ എക്സ്പ്രസിന് തീവെച്ചു കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അശാന്തി സൃഷ്ടിക്കലിന്റെ ഭാഗമാണ് ഈ തീവെപ്പ് എന്ന് പോലീസ് സംശയിക്കുന്നു. ഈ വർഷം ആദ്യം തന്നെ ബി എൻ പി തെരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമം ആരംഭിച്ചു, ഇതിന്റെ ഫലമായി പോലീസ് ഉദ്യോഗസ്ഥരടക്കം ആകെ ഏഴ് പേർ കൊല്ലപ്പെട്ടു.
രഞ്ജിത് ജി കാഞ്ഞിരത്തിൽ















