കോഴിക്കോട്: താമശേരിയിൽ തുടർച്ചയായി രണ്ടാം ദിനവും സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. താമശേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെ സ്കൂളിന് സമീപത്ത് വച്ചായിരുന്നു വീണ്ടും സംഘർഷം നടന്നത്. സ്കൂൾ കുട്ടികളെ പുറത്ത് നിന്നും വന്നവരാണ് മർദ്ദിച്ചത്.
ഇന്നലെ വൈകിട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. സ്കൂളിന് സമീപത്തെ റോഡിലും വയലിലുമായാണ് കുട്ടികൾ തമ്മിൽ അടിപിടി ഉണ്ടായത്. സ്കൂളിൽ വച്ച് നടന്ന സംഘർഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അടിപിടിയിൽ മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപവാസികൾ എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അവർ പകർത്തുകയും ചെയ്തിരുന്നു.
ഇതിന് തുടർച്ചയായിട്ടാണ് ഇന്ന് രാവിലെ വീണ്ടും കുട്ടികളെ പുറത്ത് നിന്ന് വന്നവർ മർദ്ദിച്ചത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.