ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ദമ്പതികൾ. ഹരിപ്പാട് താമരവേലിൽ ഇല്ലത്ത് കേശവൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തർജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നേകാൽ കോടി രൂപയോളം വിലവരുന്ന 60 സെന്റ് പുരയിടം ദാനമായി നൽകിയത്. ബുധനൂർ ക്രേന്ദ്രമായി പ്രവർത്തിക്കുന്ന ബുധനൂർ ഗ്രാമസേവാ പരിഷത്ത് എന്ന എൻജിഒക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ച് ആധാരം കൈമാറി.
സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കോടികൾ വിലമതിക്കുന്ന വസ്തു നൽകിയതെന്ന് വ്യക്തമാക്കി. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും മറ്റുമായി ആർഎസ്എസും സേവാഭാരതിയുമൊക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ഇവ നേരിൽ കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കുടുംബസ്വത്ത് കൈമാറിയത്. തങ്ങളുടെ ഈ തീരുമാനത്തിലൂടെ കൂടുതൽ ആളുകളിലേക്ക് സേവനപ്രവർത്തനങ്ങൾ എത്താൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി കേശവൻ നമ്പൂതിരി പറഞ്ഞു.
ഇൻകം ടാക്‌സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരിൽ വിശ്രമജീവിതം നയിക്കുകയാണ് കേശവൻ നമ്പൂതിരിയും ഭാര്യ സരസ്വതി അന്തർജനവും. ബുധനൂർ ബാലികസദനത്തിൽ നടന്ന ചടങ്ങിൽ ആർഎസ്എസ് മുതിർന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എഎം കൃഷ്ണന് ആധാരം കൈമാറി. ആർഎസ്എസ് വിഭാഗ് സംഘചാലക് സിപി മോഹനചന്ദ്രൻ, താലൂക്ക് സംഘചാലക് എംഎൻ ശശിധരൻ, സേവാഭാരതി സംസ്ഥാന സമിതിയംഗം എവി ശങ്കരൻ, ഖണ്ഡ് കാര്യവാഹ് കെഎം ഗിരീഷ്, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള, സെക്രട്ടറി എംആർ രാജേഷ്, ട്രഷറർ ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.















