ഭുവനേശ്വർ: ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും യാത്രക്കാർക്കായി വൻ സൗകര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.
” ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ലോകോത്തര റെയിൽവേ സ്‌റ്റേഷനുകളിലൊന്നാക്കി മാറ്റിയെടുക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിനായി സ്‌റ്റേഷന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിന്റെ കീഴിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ ഇരുവശങ്ങളെയും ഭുരവനേശ്വർ റെയിൽവേ സ്‌റ്റേഷൻ കൂട്ടിച്ചേർക്കും.”- അശ്വനി വൈഷ്ണവ് പറഞ്ഞു.
ഒഡീഷയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസിനത്തിനാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്. നവീകരിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിൽ ഉയർന്ന നിലവാരമുള്ള കാത്തിരിപ്പു മുറികൾ, ശൗചാലയങ്ങൾ, എലവേറ്റേഴ്‌സ്, ഫുഡ്‌കോർട്ട്, കളി സ്ഥലങ്ങൾ, പ്ലാറ്റ്‌ഫോമിനു മുകളിലായി റൂഫ് പ്ലാസ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് അസൗകര്യങ്ങളൊന്നുമില്ലാതെ ട്രെയിൻ കാത്തിരിക്കാനും കുട്ടികൾ പ്ലാറ്റ്‌ഫോമുകളിലൂടെ ഓടി കളിച്ച് അപകടം ഉണ്ടാക്കുന്നത് കുറയ്‌ക്കുന്നതിനായും പ്രത്യേകം തയ്യാറാക്കിയ റൂഫ് പ്ലാസ സഹായിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ദിവ്യാംഗർക്ക് യാത്രയിൽ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ അവർക്കായി പ്രത്യേകം തയ്യാറാക്കുന്ന എലവേറ്റേഴ്സിന്റെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014 വരെ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ അതിനെല്ലാം മാറ്റം കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















