വയനാട്: ബത്തേരി വകേരിയിൽ വീണ്ടും കടുവാ ആക്രമണം. 20 പന്നികളെയും പന്നികുഞ്ഞുകളേയും കൊന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം. കരിക്കുളം സ്വദേശി ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളെയാണ് കടുവ കൊന്നത്. ഫാമിൽ നിന്നും അമ്പത് മീറ്റർ മാറി കുറ്റിക്കാട്ടിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപ്പാടുകൾ പരിശോധിച്ച് ആക്രമണം നടത്തിയത് കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനം ആയിട്ടുണ്ട്.
മുൻപ് നരഭോജി കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് സംഭവം. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കാനും ശ്രീനേഷിന് നഷ്ടപരിഹാരം നൽകാനും നാട്ടുകാർ ആവശ്യപ്പെട്ടു.