ലക്നൗ: അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പതിവ് സർവീസുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ. വിമാനങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ്.
നിലവിൽ 180 പേർക്ക് യാത്ര ചെയ്യാവുന്ന ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ഡൽഹിയിലേക്കും തിരിച്ച് അയോദ്ധ്യയിലേക്കുമാണ് സർവീസ് നടത്തുന്നത്. രണ്ട് നോൺ- ഷെഡ്യൂൾഡ് വിമാനങ്ങളും ഡൽഹിക്ക് സർവീസ് നടത്തുന്നു. ഇൻഡിഗോയുടെ ഒരു വാണിജ്യ വിമാനവും സർവീസ് നടത്തുന്നുണ്ട്. ജനുവരി പത്തിന് ശേഷം ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് രണ്ട് എയർലൈനുകളും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിമാനക്കമ്പനികൾ പതിവ് സർവീസുകൾ ആരംഭിക്കുമെന്ന് എയർപോർട്ട് അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം) വിനോദ് കുമാർ പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ വിളിച്ചോതും വിധത്തിലാണ് അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം. 6,500 ചതുരശ്ര മീറ്റർ വിസ്തീർണമാണ് ടെർമിനൽ കെട്ടിടത്തിനുള്ളത്. പ്രതിവർഷം പത്ത് ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ പുതിയ വിമാനത്താവളത്തിന് കഴിയും. രാമക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്‌ക്ക് സമാനമായ രീതിയിലാണ് വിമാനത്താവളത്തിന്റെ മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമ ഭഗവാന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളും പെയിന്റിംഗുകളും കെട്ടിടത്തിന്റെ അകത്തളങ്ങളെ മനോഹരമാക്കുന്നു.















