എറണാകുളം: നാലു പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് അപകടത്തിൽ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്. മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയത്. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, അദ്ധ്യാപകരായ ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
2023 നവംബർ 25നായിരുന്നു ദാരുണാപകടം. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേരാണ് മരിച്ചത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ നടക്കുന്നതിനിടെ മഴ പെയ്തു. തുടർന്ന് റോഡരികിൽ നിന്നവർ ഗേറ്റ് തള്ളി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഗേറ്റ് കടന്നുവരുമ്പോഴുള്ള പടികളിൽ നിന്നവർ തിരിക്കിൽപ്പെട്ട് നിലത്തു വീണു, ഇവർക്ക് മുകളിലേക്ക് കൂടുതൽപേർ വീഴുകയും നെഞ്ചിലും മുഖത്തും ചവിട്ടേറ്റും ശ്വാസം കിട്ടാതയുമാണ് നാലുപേരും മരിച്ചത്.















