നല്ല കട്ടിയുള്ള താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പുരുഷന്മാരും. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണാണ് രോമവളർച്ചയെ സഹായിക്കുന്നത്. എന്നാൽ, ചിലരിൽ മീശയുടേയും താടിയുടേയും വളർച്ച കുറവായിരിക്കും. നല്ല താടിയും മീശയും വളരുന്നതിനായി പല കാര്യങ്ങളും പരീക്ഷിക്കുന്നവരുണ്ട്. അടിസ്ഥാനപരമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ താടിയും മുടിയും കൃത്യമായി വളരും.
നല്ല കട്ടിയുള്ള മുടിയും താടിയും വരേണ്ടതിന് ആദ്യം ശ്രദ്ധിക്കേണ്ടത് രോമം വളരുന്ന മേല്‍ച്ചുണ്ടും താടി ഭാഗവും വരണ്ട് പോകാതെ സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്നത് രോമ വളർച്ചയ്‌ക്ക് ഏറെ സഹായകമാണ്. മേൽച്ചുണ്ടിലും താടിയിലും മൃത കോശങ്ങൾ വരാതെയും സൂക്ഷിക്കേണ്ടതാണ്. ഇടക്കിടയ്‌ക്ക് മുഖം കഴുകിയാൽ വരണ്ട് പോകാതെ നോക്കാം. എന്നാൽ, സോപ്പോ ഫേസ് വാഷോ എപ്പോഴും ഉപയോഗിക്കരുത്.
ഓരോ ദിവസം കൂടുമ്പോഴും ഷേവ് ചെയ്യുന്നത് നല്ലതാണ്. ഇതും രോമ കൂപങ്ങളുടെ വളർച്ചയ്‌ക്ക് ഏറെ സഹായിക്കും. അതുപോലെ താടിയിലും മീശയിലും ഇടയ്‌ക്കിടയിക്ക് മസാജും ചെയ്യാം. വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് കൂടുതൽ പ്രയോജനകരം.
മുഖത്ത് ഇത്തരം രോമ വളര്‍ച്ച കുറവാണെങ്കില്‍ ഡോക്ടറെ കണ്ട് ടെസ്‌റ്റോസ്റ്റിറോണ്‍ പരിശോധന നടത്താവുന്നതാണ്. തുടർന്ന്, ഡോക്ടർ പറയുന്ന നിർദ്ദേശങ്ങളും പിന്തുടരണം. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സിങ്ക് അടങ്ങിയ കക്കയിറച്ചി, ചെമ്മീന്‍, നട്സ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.















