ന്യൂഡൽഹി: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യതലസ്ഥാനത്തെ 14,000 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം ചെയ്യും. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാധാരണ ജനങ്ങളും സാക്ഷ്യം വഹിക്കണമെന്ന് ബിജെപി ക്ഷേത്ര സെൽ ചെയർമാൻ കർണയ്ൽ സിംഗ് പറഞ്ഞു.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഖാട്ടു ശ്യാം ക്ഷേത്രത്തിൽ ഒരു ലക്ഷത്തിലധികം ദീപങ്ങൾ തെളിയിക്കും. ചടങ്ങ് തത്സമയം കാണുന്നതിന് ഓരോ ക്ഷേത്രത്തിലും 200 ഓളം പേർ സന്നിഹിതരായിരിക്കും. നഗരത്തിലെ ക്ഷേത്രങ്ങളിലുടനീളം വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും. 30 ലക്ഷത്തോളം ആളുകൾ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കാണാൻ ക്ഷേത്രങ്ങളിലെത്തും.
‘പ്രാണപ്രതിഷ്ഠ’എന്ന ചരിത്ര നിമിഷത്തിന്റെ ഭാഗമായി ജനുവരി 17-ന് ക്ഷേത്രത്തിലെ പൂജാരിമാരുടെ ബൈക്ക് റാലി സംഘടിപ്പിക്കും. 14,000-ത്തിലധികം പൂജാരിമാർ ഡൽഹിയിലുടനീളമുള്ള വീടുകളിലെത്തി വിശ്വാസികൾക്ക് അക്ഷതം കൈമാറുകയും പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം കാണാൻ അവരെ ക്ഷണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.















