കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയനെ പുകഴിത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ പാട്ട് പുറത്തിറക്കിയതിനെ പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയുമൊക്കെ പുറത്തിറങ്ങുന്നത് സ്വാഭാവികമാണെന്ന് ജയരാജൻ പറഞ്ഞു. അതിൽ ഒരു തെറ്റും കാണാൻ സാധിക്കില്ലായെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
പി.ജയരാജനെ ഇതേ വിഷയത്തിൽ പാർട്ടി വിലക്കിയത് പഴയകാര്യമാണെന്നും അത് ഇപ്പോൾ എടുത്തുപറയേണ്ട ആവശ്യമില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പി.ജയരാജൻ തന്നെ പി.ജെ. ആർമ്മിയെ തള്ളിപ്പറഞ്ഞതാണ്. സിപിഎമ്മിനെ തകർക്കാനാണ് അത്തരക്കാർ അന്ന് ശ്രമിച്ചെതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടാണ് കേരള സിഎം എന്ന വാഴ്‌ത്തുപാട്ട് പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കൾ തയാറാക്കിയത്. തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ, സ്വജനപക്ഷവാദികളുടെ മാസ്റ്റർ എന്നിങ്ങനെ മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.















