മാലി: ഇന്ത്യൻ പ്രധാനമന്ത്രിയെയും ജനങ്ങളെയും അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ പരാമർശത്തിനെതിരെ മാലദ്വീപിലെ ബിസിനസ് സമൂഹം. ടൂറിസം രംഗത്തെ പ്രമുഖനായ യൂസഫ് റിഫാത്ത് മാലദ്വീപ് സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. മാലദ്വീപിലെ ടൂറിസം രംഗം ഇത്തരത്തിൽ വികസിക്കാൻ കാരണം ഇന്ത്യൻ സഞ്ചാരികളും സെലബ്രിറ്റികളുമാണെന്നും അക്കാര്യം വിസ്തമരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാലദ്വീപിലെ ടൂറിസം മേഖല ഇത്തരത്തിൽ വികസിക്കുന്നതിൽ ഇന്ത്യൻ സഞ്ചാരികൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യൻ സെലബ്രിറ്റികളാണ് മാലദ്വീപ് ടൂറിസത്തിന് ശരിക്കും പ്രൊമോഷൻ നൽകിയത്. ഇത്തരത്തിലുള്ള നമ്മുടെ സുഹൃത്ത് രാഷ്‌ട്രത്തിലെ നേതാക്കൾക്കെതിരായ അധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. യൂസഫ് റിഫാത്ത് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പരസ്യപ്രസ്താവനകൾ തൽക്കാലം ഉണ്ടാകില്ലെങ്കിലും മാലദ്വീപിന്റെ തുടർനടപടികൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കാനാണ് വിദേശകാര്യ മന്ത്രാലത്തിന്റെ തീരുമാനം.















