ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് ലക്നൗവിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ. രാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ഇറച്ചി കടകളെല്ലാം പൂർണമായും അടച്ചിടുമെന്നാണ് പ്രമുഖ മുസ്ലീം സംഘടനയായ അഖിലേന്ത്യാ ജംഇയ്യത്തുൽ ഖുറേഷ് അറിയിച്ചിരിക്കുന്നത്.
അഖിലേന്ത്യാ ദേശീയ സെക്രട്ടറി ജംഇയ്യത്തുൽ ഖുറേഷ് , ഷഹാബുദ്ദീൻ ഖുറേഷ് ഐ, വൈസ് പ്രസിഡന്റ് അഷ്ഫാഖ് ഖുഷ് ഐ എന്നിവർ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് ഇത് സംബന്ധിച്ച് മെമ്മോറാണ്ടം സമർപ്പിച്ചു. ലഖ്‌നൗവിലെ ബിലോച്പുര, സദർ കാന്റ്, ഫത്തേഗഞ്ച്, ലാത്തൂച്ചെ റോഡ് പ്രദേശങ്ങളിലെ എല്ലാ ഇറച്ചിക്കടകളും അടച്ചിടാൻ പാസ്മണ്ട മുസ്ലീം സമുദായം തീരുമാനിച്ചതായി അവർ ഉപമുഖ്യമന്ത്രിയെ അറിയിച്ചു.
“നമ്മളെല്ലാം അവധ് നിവാസികളാണ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനം കണക്കിലെടുത്ത്, 2024 ജനുവരി 22 ന് ബിലോച്ച്പുര, സദർ കാന്റ്, ഫത്തേഗഞ്ച്, ലാത്തൂച്ചെ റോഡ് പ്രദേശങ്ങളിലെ എല്ലാ മാംസവ്യാപാരികളും തങ്ങളുടെ കടകൾ അടച്ചിടാൻ തീരുമാനിച്ചു”- ഉപമുഖ്യമന്ത്രിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഷഹാബുദ്ദീൻ ഖുറേഷ് പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിലെ രാമലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക.