അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്ന് വനിതാ ക്രിക്കറ്റ് താരം മിന്നു മണി. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം ലക്ഷദ്വീപിന്റെ സൗന്ദര്യം ഇൻക്രെഡിബിൾ ഇന്ത്യയെന്ന ഹാഷ്ടാഗോടെ പങ്കുവച്ചത്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ വെങ്കടേഷ് പ്രസാദ്, സുരേഷ് റെയ്‌ന എന്നിവരും ലക്ഷദ്വീപ് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
സിന്ധുദുർഗിൽ എന്റെ 50-ാം പിറന്നാൾ ആഘോഷിച്ചിട്ട് 250-ൽ അധികം ദിവസമായിരിക്കുന്നു. ആ തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതും അതിലധികവും നൽകി. ഞങ്ങൾക്ക് മനോഹരമായ ഓർമ്മകളാണ് സിന്ധു ദുർഗ് സമ്മാനിച്ചത്. മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമായ നാടാണ് ഇന്ത്യ. ‘അതിഥി ദേവോ ഭവ’ എന്ന ആശയത്തിലൂന്നി നമുക്കൊത്തിരി യാത്ര ചെയ്യാനുണ്ട്. ഇതിലൂടെ ഒത്തിരി ഓർമ്മകൾ സൃഷ്ടിക്കാൻ നമുക്കാവും. എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലൻഡ്‌സ് എന്ന ഹാഷ്ടാഗ് പങ്കുവച്ചുകൊണ്ടായിരുന്നു സച്ചിന്റെ പോസ്റ്റ്.
15 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് ഓരോ വർഷവും മാലിദ്വീപ് സന്ദർശിക്കുന്നത്. മതിയായ സഞ്ചാരികളെത്താത്ത മനോഹരമായ ഒട്ടനവധി തീരപ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. അവയിൽ പലതും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള മികച്ച അവസരമാണിത്.- വെങ്കടേഷ് പ്രസാദ് എക്‌സിൽ കുറിച്ചു.
മാലിദ്വീപ് ഒന്നിലധികം തവണ സന്ദർശിക്കുകയും അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. പക്ഷേ ഇപ്പോൾ നമ്മുടെ ആത്മാഭിമാനത്തിനാണ് മുൻഗണന നൽകേണ്ടത്. നമുക്ക് നമ്മുടെ രാജ്യത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള സമയമാണിതെന്ന് റെയ്‌നയും എക്‌സിൽ കുറിച്ചു.