ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തെ ജനങ്ങൾക്കെതിരെയും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കത്തുന്നു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും രംഗത്തെത്തി. ടൂർ ഓപ്പറേറ്റിംഗ് കമ്പനികളോട് മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കും സഞ്ചാരികളെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഏവിയേഷൻ ആൻഡ് ടൂറിസം കമ്മിറ്റി മേധാവിയായ സുബാഷ് ഗോയൽ വ്യോമയാന കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.
മാലദ്വീപിന്റെ ടൂറിസത്തിലെ പ്രധാന ഉപയോക്താക്കൾ ഭാരതീയരാണെന്നുള്ള കാര്യം അവർ മറന്നു. രാജ്യത്ത് വിദേശനാണ്യവും തൊഴിലും ലഭിക്കുന്നത് ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലെത്തുന്നത് കൊണ്ടാണെന്നതും അവർ വിസ്മരിച്ചു. അതിനാൽ മാലദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യയിലെ ദ്വീപുകളായ ലക്ഷദ്വീപിലേക്കും ആന്തമാൻ നിക്കോബാറിലേക്കും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ ടൂർ ഓപ്പറേറ്റർ മാരോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റ് ദ്വീപുകളായ ശ്രീലങ്ക, മൗറീഷ്യസ്, ബാലി എന്നിവയെയും മാലദ്വീപിന് പകരമായി ഉയർത്തിക്കാട്ടാവുന്നതാണ്. സുബാഷ് ഗോയൽ പറഞ്ഞു.
മാലദ്വീപിലേക്കുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കാൻ വിമാനക്കമ്പനികളോടും ചേംബർ ഓഫ് കൊമേഴ്‌സ് വിദഗ്ധ സമിതി ആവശ്യപ്പെട്ടതായി സുബാഷ് ഗോയൽ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നിക്ഷേപങ്ങൾ നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർസ്, ട്രോവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ട്രാവൽ ഏജന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂര് ഓപ്പറേറ്റർസ് ഓഫ് ഇന്ത്യ എന്നീ സംഘടനകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായും ചേംബർ ഓഫ് കൊമേ്‌ഴ്‌സ് വ്യക്തമാക്കി.
ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മാലദ്വീപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിരേന്ദർ സെവാഗ്, അമിതാഭ് ബച്ചൻ എന്നിവരും ലക്ഷദ്വീപിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തങ്ങളുടെ ആപ്പിൽ ലക്ഷദ്വീപിനെ തിരയുന്നവരുടെ എണ്ണം 3400 ശതമാനം വർധിച്ചതായി മേക്ക് മൈ ട്രിപ്പ് കമ്പനി അറിയിച്ചു.















