കടുത്ത ഇന്ത്യാവിരോധി അധികാരത്തിലേറിയതിന് പിന്നാലെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രം ബന്ധത്തിൽ ഉലച്ചിലുണ്ടായിരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് കീഴിൽ ഇന്ത്യയുമായുള്ള കാരറുകൾ അവസാനിപ്പിക്കാനും ചൈനയോട് കൂടുതൽ അടുക്കാനുമാണ് മാലദ്വീപിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിന്റെ ഭാഗമായി മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. പതിറ്റാണ്ടുകളായി ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഭൂരിഭാഗം സ്രോതസ്സും ഇന്ത്യയാണെന്നിരിക്കേയാണ് നയതന്ത്ര പിരിമുറുക്കം.
പതിറ്റാണ്ടുകളായുള്ള നയതന്ത്ര ബന്ധത്തെ വിസ്മരിക്കാൻ ആവില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച വിഷയം. ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകാലത്ത് ഭാരതത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു മാലദ്വീപ്. ഏത് പ്രതിസന്ധി ഘട്ടത്തിലും മാലദ്വീപിനായി ആദ്യം പ്രതികരിക്കുകയും രംഗത്ത് വരികയും ചെയ്തിരുന്നത് ഭാരതമായിരുന്നു. 2004-ൽ നൂറോളം പേർ കൊല്ലപ്പെട്ട സുനാമിയിലും 2014 ഡിസംബറിൽ മാലിയിലെ ജലപ്രതിസന്ധിയിലും മാലിദ്വീപിനെ ആദ്യം സഹായിച്ചത് ഇന്ത്യയാണ്. ലോകം മഹാമാരിയിൽ വരിഞ്ഞു മുറുകിയ കോവിഡ് കാലത്ത് താങ്ങായും തണലായും നിലകൊണ്ടത് ഇന്ത്യയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്ന് മാലദ്വീപ് പൗരന്മാരെ ഒഴിപ്പിക്കാനും അവിടെ നിന്നുള്ളവർക്ക് കൊച്ചിയിൽ ചികിത്സ സഹായം ഉറപ്പാക്കുന്നതിൽ വരെ ഇന്ത്യയുടെ സഹായം മാലദ്വീപിനുണ്ടായിരുന്നു. ഹനിമാധൂ രാജ്യാന്തര വിമാനകത്താവളം വിപുലീകരിക്കാനും നരേന്ദ്ര മോദി സർക്കാർ തന്നെയാണ് സഹായങ്ങൾ നൽകിയത്. ഇന്ത്യയുടെ കോവിഡ് വാക്സിനുകൾക്ക് ആഗോള തലത്തിൽ ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നിട്ടും ഭാരതം ആദ്യം വാക്സിനുകൾ എത്തിച്ചത് ദ്വീപ് രാഷ്‌ട്രത്തിലേക്കായിരുന്നു. രാജ്യാന്തര തലത്തിൽ കയറ്റുമതി നിയന്ത്രണം നിൽക്കുന്നതിനിടെയായിരുന്നു ഇത്.
1988 മുതൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാന ശിലയാണ് പ്രതിരോധവും സുരക്ഷയും. 2016 ഏപ്രിലിൽ പ്രതിരോധത്തിനായുള്ള ആക്ഷൻ പ്ലാൻ ഒപ്പിട്ടതിനുശേഷം ഇത് കൂടുതൽ ഏകീകരിക്കപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ (എംഎൻഡിഎഫ്) പ്രതിരോധ പരിശീലനത്തിന്റെ 70 ശതമാനവും നൽകുന്നത് ഇന്ത്യയാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ 1500-ലധികം എംഎൻഡിഎഫ് ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ചിട്ടുള്ളത്.
ഹനിമാധൂ, ഗാൻ ഐലൻഡ് വിമാനത്താവളങ്ങൾ, ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്ട്, ഗുൽഹിഫൽഹു തുറമുഖത്തിന്റെ വികസനം തുടങ്ങി മാലദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുകയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയെ വില്ലിംഗ്ലി, ഗുൽഹിഫൽഹു, തിലഫുഷി എന്നീ മൂന്ന് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന 6.74 കിലോമീറ്റർ നീളമുള്ള ഒരു പാലം യാത്രാ സമയം കുറയ്‌ക്കുന്ന ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്ടാണ് നിലവിൽ മാലിദ്വീപിൽ ഇന്ത്യ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതി. ഇതിനായി ഇന്ത്യ 500 മില്യൺ ഡോളറാണ് അനുവദിച്ചിട്ടുള്ളത്. അദ്ദുവിനെ രാജ്യത്തിന്റെ തെക്കൻ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിലും ഇന്ത്യ സഹായിക്കുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് മാലിദ്വീപ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം മൂന്നിലൊന്നും വിനോദ സഞ്ചാര മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപ് സന്ദർശിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. 2023-ൽ 2,09,198 പേരാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് സന്ദർശിച്ചത്. 2018 മുതൽ വിനോദസഞ്ചാരികളുടെ വരവ് കൂടുതലും ഇന്ത്യയിൽ നിന്നാണ്. 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വ്യാപാരത്തിൽ നാലിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2021-ലെ കണക്കുകൾ പ്രകാരം മാലദ്വീപിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഭാരതം. ദ്വീപ് രാഷ്‌ട്രത്തിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിസോർട്ടുകൾക്കും സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കും ബിസിനസ് സംരംഭങ്ങൾക്കും വായ്പ നൽകി കൊണ്ട് 1974 മുതൽ എസ്ബിഐ മാലദ്വീപിൽ നിലകൊള്ളുകയും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.















