ന്യൂഡൽഹി: അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ച് ഇന്ത്യ. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതൽ ഏദൻ ഉൾക്കടൽ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ യുദ്ധക്കപ്പലുകൾ അയച്ചത്. ഇതോടെ മേഖലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്ന കപ്പലുകളുടെ എണ്ണം പത്തായി. ചരക്കു ഗതാഗത കപ്പലുകൾക്ക് നേരെ ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെയാണ് നീക്കം.
കടൽപാതകളിൽ ഇത്തരത്തിലുള്ള ഭീഷണികൾ വ്യാപിച്ചതോടെയാണ് നാവികസേനയും അറബിക്കടലിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. മേഖലയിൽ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവ് എന്നീ ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയറുകളും, ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി റോൾ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയിൽ ഉൾപ്പെടുന്നു.
നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നിരീക്ഷണം ഏകോപിപ്പിക്കുന്നു. ഈ മാസം ആദ്യം എംവി ലീല നോർഫോക്ക് എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമം ഐഎൻഎസ് ചെന്നൈയും അതിലെ കമാൻഡോസും ചേർന്ന് തടഞ്ഞിരുന്നു. കപ്പലിലെ 21 ജീവനക്കാരെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരെ തടയുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. 2008 ഒക്ടോബർ മുതൽ 110ഓളം യുദ്ധക്കപ്പലുകളെ ഇത്തരത്തിൽ വിന്യസിച്ചിരുന്നു.















