പനാജി: നാല് വയസുള്ള മകന്റെ മൃതദേഹവുമായി 39 കാരിയായ സ്റ്റാർട്ടപ്പ് സ്ഥാപകയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒ സുചന സേത്തിനെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കുഞ്ഞിനെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കർണാടകയിലേക്ക് ടാക്‌സിയിൽ വരുമ്പോഴായിരുന്നു അറസ്റ്റ്.
വടക്കൻ ഗോവയിലെ കണ്ടോലിമിലെ സോൾ ബനിയൻ ഗ്രാൻഡെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സുചന ഇളയ മകനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇവർ മകനോടൊപ്പം അപ്പാർട്ട്‌മെന്റിൽ എത്തിയത്. എന്നാൽ തിരിച്ചു പോകുമ്പോൾ ഇവരുടെ കൂടെ കുഞ്ഞ് ഉണ്ടായിരുന്നില്ല.
കുറഞ്ഞ നിരക്കിൽ ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റുണ്ടായിട്ടും ഇവർ അത്യാവശ്യമായി ടാക്‌സി വേണമെന്ന് റിസപ്ഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. യുവതി പോയതിന് ശേഷം ജീവനക്കാർ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ രക്തക്കറകൾ കണ്ടെതോടെ ഗോവ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് യുവതിയെ വിളിച്ച് മകനെക്കുറിച്ച് ചോദിച്ചപ്പോൾ, അവൻ ഒരു സുഹൃത്തിനൊപ്പം ഉണ്ടെന്ന് പറഞ്ഞ് സൃഹൃത്തിന്റെ വിലാസം നൽകി. എന്നാൽ അത് വ്യാജമാണെന്ന് പോലീസിന് മനസിലായി. തുടർന്ന് പോലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ടാക്‌സി തിരിച്ചുവിടാൻ ആവശ്യപ്പെട്ടു.ചിത്രദുർഗ പോലീസ് കാർ പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. എഐ ഡെവലപ്പറായി ജോലി ചെയ്യുന്ന വെങ്കട്ട് രാമനാണ് യുവതിയുടെ ഭർത്താവ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായില്ല.