ചെന്നൈ: തമിഴ്‌നാടിൽ 19-കാരിയെ തീയിട്ട് കൊലപ്പെടുത്തിയ പിതാവും നാല് ബന്ധുക്കളും പിടിയിൽ. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ ഐശ്വര്യയെ പിതാവും ബന്ധുക്കളും ചേർന്ന് തീകൊളുത്തി കൊല്ലുകയായിരുന്നു.
കഴിഞ്ഞ മാസം 31-നാണ് അന്യജാതിക്കാരനായ നവീനുമായി യുവതിയുടെ വിവാഹം നടന്നത്. ഇതേത്തുടർന്ന് മകളെ കാണാനില്ലെന്ന പരാതിയുമായി ഐശ്വര്യയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പോലീസ് ഇടപെട്ട് പിതാവിനും ബന്ധുക്കൾക്കുമൊപ്പം പറഞ്ഞയച്ചു. തുടർന്ന് ഭർത്താവായ നവീൻ യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ നവീൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിതാവും ബന്ധുക്കളും ചേർന്നു ചുട്ടു കൊലപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.