കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും പണം നൽകാതെ സപ്ലൈക്കോ. പണം ലഭിക്കാൻ കാലതാമസം വരുത്തുന്നത് പുഞ്ചകൃഷി തുടങ്ങുന്നത് വൈകിപ്പിക്കുകയാണെന്ന് കോട്ടം ജില്ലയിലെ കർഷകർ പറയുന്നു. ഇനിയും പണം ലഭിച്ചില്ലെങ്കിൽ കോട്ടയം സപ്ലൈക്കോ ഓഫീസിനു മുന്നിൽ സമരം തുടങ്ങുമെന്നും കർഷകർ പറഞ്ഞു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ ശേഖരിച്ച നെല്ലിന്റെ പണമാണ് കുടിശ്ശികയായത്. കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം, കല്ലറ, നീണ്ടൂർ, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര പഞ്ചായത്തിലെ കർഷകർക്കാണ് പണം ലഭിക്കാനുള്ളത്. വായ്പയെടുത്താണ് പല കർഷകരും കൃഷി തുടങ്ങിയതെന്നും പുഞ്ച കൃഷി തുടങ്ങാൻ ഇപ്പോൾ തന്നെ 1 മാസം വൈകിയതായും കർഷകർ പറഞ്ഞു. പണം എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സപ്ലൈക്കോ നൽകാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.















