മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപത്തിൽ പ്രതികരിച്ച് എൻസിപി (ശരദ്) അദ്ധ്യക്ഷൻ ശരദ് പവാർ. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെ മറ്റൊരു രാജ്യത്തുള്ളവർ നടത്തുന്ന അധിക്ഷേപം അംഗീകരിച്ച് നൽകാൻ സാധിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു. മുംബൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റൊരു രാജ്യത്തിന്റെ ഏത് ചുമതല വഹിക്കുന്ന വ്യക്തിയും ആയിക്കൊള്ളട്ടേ, നമ്മുടെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അംഗീകരിച്ച് നൽകാൻ സാധിക്കില്ല. പ്രധാനമന്ത്രി പദത്തെ നമ്മൾ ബഹുമാനിക്കണം. രാജ്യത്തിന് പുറത്ത് നിന്ന് പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന ഏതൊരു ആക്രമണത്തെയും നമ്മൾ എതിർക്കണം. ശരദ് പവാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതിന് പിന്നാലെ രൂപപ്പെട്ട മാലദ്വീപ് ബഹിഷ്‌കരണ ക്യാമ്പെയിൻ സമൂഹമാദ്ധ്യമങ്ങളിൽ കത്തുകയാണ്. ഇന്ത്യയിൽ നിന്നുള്ള സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക് പിന്തുണയറിയിച്ച് രംഗത്തുവന്നു. കായിക താരങ്ങൾ ഉൾപ്പെടെയുള്ളവർ മാലദ്വീപിന് പകരം ലക്ഷദ്വീപിനെ വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പെയിന്റെ ഭാഗമായി.