കൊല്ലം: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ചക്കുവള്ളിക്ക് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. സിപിഎം നേതാവ് ജെ പ്രകാശിന്റെ വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ചിരുന്ന ആറ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
കുറച്ചു കാലമായി ഇവിടെ പാചക വാതക സിലിണ്ടർ അനധികൃതമായി സൂക്ഷിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഗാർഹിക സിലിണ്ടറുകളിൽ നിന്ന് വാണിജ്യാവശ്യത്തിനായി വലിയ സിലിണ്ടറുകളിലേയ്ക്ക് പാചക വാതകം നിറച്ചും ഇവിടെ വിതരണം ചെയ്തിരുന്നു. വലിയ സിലിണ്ടറുകളിലേക്ക് പാചകവാതകം നിറയ്ക്കുന്നതിനിടെയാണ് ഇന്ന് അപകടമുണ്ടായത്. പന്തളത്ത് പ്രവർത്തിക്കുന്ന ഒരു ഏജൻസിയിലെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.