പാരീസ്: ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേൽ അട്ടൽ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എലിസബത്ത് ബോണിന് പകരമായാണ് ഗബ്രിയേൽ എത്തുക. 1984-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട 37-കാരണ ലോറന്റ് ഫാബിയസിന്റെ റെക്കോർഡ് തകർത്താണ് ഗബ്രിയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ രാഷ്‌ട്രീയക്കാരിൽ ഒരാളായ ഗബ്രിയേൽ, റേഡിയോ ഷോകളിലൂടെയും മറ്റും വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. യുദ്ധാനന്തര ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാദിക്കൊപ്പം സ്വവർഗാനുരാഗിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ പ്രധാനമന്ത്രിയെന്ന വിശേഷണവും ഈ ചെറുപ്പക്കാരന് സ്വന്തമാണ്.
17 വയസുള്ളപ്പോഴായിരുന്നു ഗബ്രിയേൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. കൊറോണ മഹാമാരിയുടെ കാലത്ത് സർക്കാർ വക്താവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്‌ട്രീയ കളരിയിൽ ഗബ്രിയേൽ വളരെയധികം ശോഭിച്ചു. ഇതിന് പിന്നാലെ ധനകാര്യവകുപ്പിലെ ജൂനിയർ മിനിസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. ശേഷം 2023-ലാണ് വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗബ്രിയേലിന്റെ ഏറ്റവും നിർണ്ണായക ചുവടുവയ്പ്പ് അബായ നിരോധനമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലേറ്റതിന് തൊട്ടുപിന്നാലെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ അബായ ധരിച്ച് എത്തുന്നത് അദ്ദേഹം വിലക്കി. വലിയ രീതിയിൽ ചർച്ചയാവുകയും സ്വീകാര്യത നേടുകയും ചെയ്ത പരിഷ്കാരമായിരുന്നു അത്.
കഴിഞ്ഞ വർഷം ഫ്രാൻസിൽ ഭരണകൂടം കൈക്കൊണ്ട പല നയങ്ങളും ജനവികാരത്തിന് എതിരായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. പെൻഷൻ, ഇമിഗ്രേഷൻ പരിഷ്‌കാരങ്ങൾ ചില വിവാദങ്ങളുയർത്തി. ഈ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയുടെ നിയമനം മാക്രോണിന്റെ പാർട്ടിയുടെ ജനപ്രീതി തിരിച്ചുലഭിക്കാൻ സഹായകമായേക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിന്റെ പാർട്ടി കൂടുതൽ മുന്നേറ്റം നടത്തി മാക്രോണിന്റെ ക്യാമ്പിനെ എട്ട് മുതൽ പത്ത് ശതമാനം വരെ പിന്നിലാക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.















