ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ജൂനിയർ എൻടിആർ കൂടുതൽ ശ്രദ്ധേയനായത്. പിന്നീട് രാജമൗലി ചിത്രം ആർആർആറിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജൂനിയർ എൻടിആർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര പാർട്ട് 1. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് താരത്തിന്റെ ആരാധകർ.
ദേവര അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലും ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന കാര്യം അഞ്ച് ഭാഷകളിലും ജൂനിയർ എൻടിആർ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നാണ്. ഇതാദ്യമായാണ് ഒരു തെലുങ്ക് താരം മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത്.
നേരത്തെ ആർആർആർ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മലയാളം ഒഴികെയുള്ള ഭാഷകളിൽ താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് ജൂനിയർ എൻടിആർ പറഞ്ഞിരുന്നു. ഉടൻ തന്നെ മലയാളത്തിലും ഡബ്ബ് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ താരം വാക്ക് പാലിച്ച സന്തോഷത്തിലാണ് മലയാളികളായ ആരാധകർ.
ഏപ്രിൽ അഞ്ചിന് ദേവര തീയേറ്ററുകളിലെത്തും. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടല ശിവാണ് ചിത്രവും സംവിധാനം ചെയ്യുന്നത്.