ഇടുക്കി: വണ്ടിപ്പെരിയാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. പെൺകുട്ടിയുടെ അച്ഛനും മുത്തശ്ശനും നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പോലീസ് സ്ഥലത്ത് രാത്രി പട്രോളിങ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.