ന്യൂഡൽഹി: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിക്കുള്ളിൽ തുടരുന്ന തർക്കത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മുന്നണിക്കുള്ളിലെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു നേതാവ് ഇല്ല എന്നതാണ്, അംഗങ്ങൾക്കിടയിലെ ഈ അഭിപ്രായവ്യത്യാസങ്ങൾ തെളിയിക്കുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. യോജിപ്പുള്ള തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ട് തന്നെ ജനങ്ങൾ പ്രതിപക്ഷ സഖ്യത്തെ തള്ളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
” ഇൻഡി മുന്നണിക്കുള്ള് കൃത്യമായ ഒരു നയമോ ഉദ്ദേശമോ ഇല്ല. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും അതിനുള്ളിൽ തുടരുകയാണ്. എല്ലാവരുടേയും അഭിപ്രായങ്ങൾ യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ഒരു നേതാവ് ആ മുന്നണിക്കുള്ളിൽ ഇല്ല എന്നതിന്റെ തെളിവാണ് തർക്കം ഇപ്പോഴും തുടരുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം എടുക്കാൻ ഇന്നും അവർക്ക് സാധിച്ചിട്ടില്ല.
പ്രതിപക്ഷ സഖ്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിൽ, മികച്ച നയങ്ങൾ അവതരിപ്പിച്ച് അവ ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും” അനുരാഗ് താക്കൂർ പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, കോൺഗ്രസ് എന്നീ പാർട്ടികൾക്കിടയിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ ഇൻഡി മുന്നണി യോഗങ്ങൾ നടത്തി വരികയായിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു അനുരാഗ് താക്കൂറിന്റെ പരാമർശം.















