മലപ്പുറം: കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌നെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊന്നാനിയിൽ എത്തും. 11 മണിയോടെയാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.
ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഗവർണർക്ക് എതിരായി പ്രതിഷേധ ബാനറുകളും എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. ‘ മിസ്റ്റർ ചാൻസ്‌ലർ യു ആർ നോട്ട് വെൽക്കം ഹിയർ’, ‘മിസ്റ്റർ ചാൻസ്‌ലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാടുള്ള സ്ഥലമാണ് സൂക്ഷിക്കുക’ തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ അടങ്ങിയ ബാനറുകളാണ് എസ്എഫ്‌ഐ പ്രവർത്തകർ മലപ്പുറം ജില്ലയിലെ എരമംഗലത്ത് രണ്ട് ഭാഗങ്ങളിലായി ഉയർത്തിയിരിക്കുന്നത്. ഗവർണറുടെ സന്ദർശനത്തിനോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഗവർണർ ഇടുക്കിയിലെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചും ഇടത് മുന്നണി പ്രവർത്തകർ അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തി എത്തിയെങ്കിലും ഭീഷണികളൊന്നും വകവയ്‌ക്കാതെയാണ് ഗവർണർ പരിപാടിയിൽ പങ്കെടുത്തത്.