ഇടുക്കി: 13 വർഷങ്ങൾക്ക് ശേഷം കൈ വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. തന്നെ ഏറ്റവും അധികം മുറിപ്പെടുത്തിയ ആളാണ് ഒന്നാം പ്രതി സവാദ് എന്നും രാജ്യത്തെ നിയമസംവിധാനത്തെ ആദരിക്കുന്ന വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എന്നെ ഏറ്റവുമധികം മുറിപ്പെടുത്തിയ ആളെന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയാകുന്നത്. ആക്രമണം നടത്താൻ പദ്ധതിയിടുകയും തീരുമാനമെടുക്കുകയും ചെയ്തവരാണ് ഇതിലെ സൂത്രധാരികൾ. നിയമ വ്യവസ്ഥയുടെ മുൻപാകെ സവാദാണ് ഒന്നാം പ്രതി. ഇയാളെ പിടികൂടിയതിൽ ഒരു പൗരനെന്ന നിലയിൽ നിയമസംവിധാനത്തെ ആദരിക്കുന്ന, ബഹുമാനിക്കുന്ന ആളെന്ന നിലയിൽ പിടികിട്ടപ്പുള്ളിയെ എൻഐഎ കസ്റ്റഡിയിലെടുത്തിൽ സന്തോഷമുണ്ട്. എന്നാൽ വ്യക്തിപരമായി ഇതിൽ അഭിപ്രായങ്ങളില്ല.
നിയമ പാലകരുടെ ബാധ്യത തീർന്നനെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമസംവിധാനം ഫലപ്രദമായി നടക്കുന്നുവെന്ന് എന്നുള്ള കാര്യത്തിൽ പൗരന്മാർക്കും സാധാരണക്കാർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വ്യക്തി എന്ന നിലയിലോ ഇര എന്ന നിലയിലോ പ്രതിയെ പിടികിട്ടി എന്നതിൽ പ്രത്യേകിച്ച് യാതൊരുവിധ കൗതുകവും തോന്നുന്നില്ല- ടിജെ ജോസഫ് പറഞ്ഞു.
കേസുമായി നേരിട്ട് ബന്ധപ്പെട്ട്, അക്രമവുമായി ബന്ധപ്പെട്ട് അതിന് മുൻപിൽ നിന്ന ചിലർ മാത്രമാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ. കേസിന്റെ അന്വേഷണം ആക്രമിക്കാൻ പദ്ധതിയിട്ടവരിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് തോന്നിയിട്ടുള്ളത്. അവരിലേക്ക് കേസിന്റെ അന്വേഷണം എത്താത്തിടത്തോളം കാലം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു”.
13 വർഷമായി ഒളിവുജീവിതം നയിക്കുന്നതിനിടെയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സവാദ് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് പിടിയിലായത്. 2010-ലാണ് കേസിനാസിപദമായ സംഭവം. തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിനെ ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ചാണ് പിഎഫ്ഐ ഭീകരർ കൂട്ടത്തോടെ ആക്രമിച്ചതും ഒന്നാം പ്രതിയായ സവാദ് ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയതും. സംഭവ ദിവസം മുതൽ സവാദ് ഒളിവിലായിരുന്നു.
കൈ വെട്ടി മാറ്റിയ മഴുവുമായി മുങ്ങിയ പ്രതിയെപ്പറ്റി കൂട്ടുപ്രതികൾക്കും അറിവില്ലായിരുന്നു. നേരത്തെ സവാദിനെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് എൻആഎ ആവശ്യപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശ രാജ്യങ്ങളിലടക്കം സവാദിനായി അന്വേഷിക്കുന്നതിനിടെയാണ് എൻഐഎ മട്ടന്നൂരിൽ നിന്ന് സവാദിനെ പിടികൂടിയത്. ഒരു പതിറ്റാണ്ട് കാലം കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടാൻ കേരള പോലീസിന് കഴിയാത്തത് തികച്ചും കഴിവു കേടാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്നത്തെ അറസ്റ്റ്.