ഗാന്ധിനഗർ: ഗുജറാത്തിലെ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്ത് മുകേഷ് അംബാനി. ഇന്ത്യയിലെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് ഗുജറാത്തിലെ ഹാസിറയിൽ തുടക്കം കുറിക്കുന്നതായി ഉച്ചകോടിയിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും 2047-ഓടെ ഇന്ത്യ 35 ട്രില്യൺ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. റിലയൻസ് അന്നും ഇന്നും ഇനിയെന്നും ഗുജറാത്തിന്റെ മണ്ണിൽ, ഗുജറാത്തി കമ്പനിയായി തന്നെ തുടരുമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്ത് മുകേഷ് അംബാനി പറഞ്ഞു.
” രാജ്യത്തിന്റെ വികസനത്തിനായി 12 ട്രില്യൺ നിക്ഷേപമാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 10 വർഷത്തിനിടിൽ റിലയൻസ് നടത്തിയത്. ഇതിൽ പലതും ഗുജറാത്തിൽ മാത്രമാണ്. ഗുജറാത്തിന്റെയും രാജ്യത്തിന്റെയും വളർച്ചയ്‌ക്കായി ഇനിയും നിക്ഷേപങ്ങൾ നൽകാൻ റിലയൻസ് തയ്യാറാണ്. പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജ്ജങ്ങളുടെ ഉത്പാദനം എന്ന ഗുജറാത്തിന്റെ സ്വപ്‌നവും പ്രകൃതിയിലെ വിഭവങ്ങൾ നിലനിർത്തികൊണ്ടുള്ള സുസ്ഥിര വികസനവും 2030-ഓടെ സാധ്യമാകും.”- മുകേഷ് അംബാനി പറഞ്ഞു.
ഗുജറാത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യം വച്ച് ജാംനഗറിൽ 5,000 ഏക്കർ സ്ഥലത്ത് ധിരുഭായ് അംബാനി ഗ്രീൻ എനർജി ജിഗാ കോംപ്ലക്‌സ് ആരംഭിച്ചിട്ടുണ്ട്. ഹരിത ഉത്പന്നങ്ങളുടെ നിർമ്മാണവും കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങുന്ന ഈ സ്ഥാപനം നിരവധി തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നുവെന്നും ഈ വർഷം പകുതിയോടെ സ്ഥാപനം പ്രവർത്തിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ 5ജി നഗരമായി ഗുജറാത്ത് മാറിയത് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇന്ത്യയെ ലോകരാജ്യങ്ങൾക്കൊപ്പം എത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിന് പ്രശംസകൾ അറിയിക്കുകയും ചെയ്തു.















