മാലി: മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. മാലദ്വീപ് സർക്കാർ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വംശീയ പരാമർശം ഒറ്റപ്പെട്ട സംഭവമാണ്. എന്നാൽ അത്തരമൊരു നീക്കമുണ്ടായത് സർക്കാർ എന്ന ഉത്തരവാദിത്വം ലഭിച്ചവരിൽ നിന്നാണെന്നത് നിർഭാഗ്യകരമാണെന്നും മാലദ്വീപിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർപേഴ്‌സൺ ഫയ്യസ് ഇസ്മയിൽ അഭിപ്രായപ്പെട്ടു.
സോഷ്യൽമീഡിയയുടെ പ്രഭാവം ശക്തമായതിനാൽ മുഴുവൻ സംഭവങ്ങളും അതിവേഗമാണ് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലേക്ക് എത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. മാലദ്വീപിന്റെ മുൻ സാമ്പത്തിക വികസന മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
”സർക്കാർ കടുത്ത നിലപാട് സ്വീകരിക്കണമായിരുന്നുവെന്നാണ് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ എല്ലാവരും സജീവമായതിനാൽ വിഷയം ഇരുരാജ്യങ്ങളിലെ ജനങ്ങളിലേക്കും വളരെ വേഗമെത്തി. ഇരുപക്ഷത്ത് നിന്നും തർക്കവാദങ്ങൾ ആരംഭിച്ചു. ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അത്തരം പരാമർശങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരുടെ നടത്തിയെന്നത് നിർഭാഗ്യകരമാണ്. വർഷങ്ങളായുള്ള ഇന്ത്യ-മാലദ്വീപ് ബന്ധത്തിനാണ് ഇവിടെയുള്ള മുതിർന്ന നേതാക്കൾ വിള്ളലുണ്ടാക്കിയത്. കേവലം സാമ്പത്തിക-വരുമാന മേഖലകളിൽ മാത്രമല്ല മാലദ്വീപിനെ ഇത് ബാധിക്കുക. ” – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെ വൻ പ്രത്യാഘാതമായിരുന്നു മാലദ്വീപ് നേരിടേണ്ടി വന്നത്. തെറ്റ് തിരിച്ചറിഞ്ഞ ഭരണകൂടം, മന്ത്രിമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. പ്രമുഖ സിനിമാതാരങ്ങളും കായികതാരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിക്കുകയും മാലദ്വീപ് യാത്രയ്‌ക്ക് ബഹിഷ്കരണവും ആഹ്വാനം ചെയ്തു. ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തുന്നത്.















