എറണാകുളം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗങ്ങളായി ഗവർണർ നാമനിർദ്ദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിന് തടസം ഉണ്ടാകരുതെന്നും പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാറുടെ അറിയിപ്പിനെ തുടർന്നാണ് കഴിഞ്ഞ ഡിസംബർ 21ന് സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി പദ്മശ്രീ ബാലൻ പൂതേരി അടക്കമുള്ളവർ സർവ്വകലാശാലയിൽ എത്തിയത്. എന്നാൽ ഗേറ്റിന് മുന്നിൽ എസ്എഫ്‌ഐ പ്രവർത്തകർ തടയുകയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാനോ സുരക്ഷയൊരുക്കാനോ പോലീസ് തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലൻ പൂതേരി, അഫ്‌സൽ സഹീർ, എ.കെ.അനുരാജ്, എ.ആർ.പ്രവീൺകുമാർ, സി.മനോജ്, എ.വി.ഹരീഷ്, സ്‌നേഹ സി നായർ, അശ്വിൻ രാജ് പി.എം എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ.ആർ.വി.ശ്രീജിത്ത് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.