ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയത് ശിക്ഷാനടപടിയുടെ ഭാഗമായിട്ടാണെന്ന അഭ്യൂഹങ്ങൾക്ക് വിട. മാനസിക സമ്മർദ്ദമുണ്ടെന്ന് കാണിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയ ഇഷാൻ, ദുബായിൽ പാർട്ടിയിൽ പങ്കെടുത്തെന്ന വിവരം ബിസിസിഐയ്‌ക്ക് ലഭിച്ചിരുന്നു. ഇത് കാരണമാണ് താരത്തെ അഫ്ഗാനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിന് മറുപടി നൽകിയിരിക്കുകയാണ് മുഖ്യ പരിശിലകൻ രാഹുൽ ദ്രാവിഡ്.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്താതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമായല്ല. ഇടവേള വേണമെന്ന് ടീം മാനേജ്‌മെന്റിനോട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വച്ച് ഇഷാൻ ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനെതിരായ ടി20ക്കുവേണ്ടിയുള്ള സെലക്ഷനിൽ ഇഷാൻ ഉണ്ടായിരുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.
നാളെ മൊഹാലിയിലാണ് മൂന്ന് മത്സരങ്ങടങ്ങിയ ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ആരംഭിക്കുക. സീനിയർ താരങ്ങളായ വിരാട് കോലിയും ശർമ്മയും ഒരിടവേളയ്‌ക്ക് ടി20യിലേക്ക് മടങ്ങി എത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ആവേഷ് ഖാൻ, മുകേഷ് കുമാർ.