മുംബൈ: രാജഭരണം പോലെ രാഷ്‌ട്രീയ പാർട്ടികൾ നയിക്കാൻ ശ്രമിക്കുന്നവർക്ക് നടത്തുന്നവർക്ക് സ്പീക്കറുടെ വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഈ വിധി അവർക്കൊക്കെയും ഞെട്ടലുണ്ടാക്കിയിരിക്കാമെന്നും ഏകനാഥ ഷിൻഡെ പറഞ്ഞു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയെന്ന് സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘രാജഭരണം പോലെ രാഷ്‌ട്രീയ പാർട്ടികൾ നയിക്കാൻ ശ്രമിക്കുന്നവർക്ക് പാർട്ടികൾ നടത്തുന്നവർക്ക് വലിയ ഞെട്ടൽ ഉണ്ടാക്കുന്ന വിധിയാണിത്. സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണിത്. ശിവസേനയുടെ പ്രവർത്തകർക്കും മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും ജനാധിപത്യത്തിൽ ഭൂരിപക്ഷ പ്രാധാന്യമുണ്ട്. അതിനാൽ ഞാൻ ഈ വിധിയെ കാണുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. ഒരു രാഷ്ട്രീയ പാർട്ടിയെ ആർക്കും സ്വകാര്യ സ്വത്തായി ഉപയോഗിക്കാൻ കഴിയില്ല.’- ഏകനാഥ് ഷിൻഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര സ്പീക്കർ രാഹുൽ നർവേക്കറാണ് യഥാർത്ഥ ശിവസേന ഷിൻഡെ വിഭാഗമാണെന്ന് പ്രഖ്യാപിച്ചത്. ഉദ്ധവ്പക്ഷ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ചുള്ള തർക്കത്തിലാണ് സ്പീക്കറുടെ തീരുമാനം. അന്തിമ തീരുമാനത്തിനായി സ്പീക്കറെ ചുമതലപ്പെട്ടുത്തിയതായി സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ നർവേക്കർ തീരുമാനം സ്വീകരിച്ചത്.
2018-ലെ ശിവസേനയുടെ ഭരണഘടന അംഗീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 1999-ലെ ഭരണഘടന മാത്രമേ സ്വീകരിക്കാനാകൂവെന്നും സ്പീക്കർ വ്യക്തമാക്കി. ശിവസേനയിലെ പിളർപ്പിന് ശേഷം ഇരുവിഭാഗങ്ങളും പരസ്പരം എംഎൽഎമാരെയും എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണ് ഇന്ന് അന്തിമതീരുമാനം വന്നിരിക്കുന്നത്.















