കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ലോകം മുഴുവൻ തിരഞ്ഞിരുന്ന ഒന്നാം പ്രതി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും കൈവിട്ട നേരത്താണ് എൻഐഎ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചത്. ലോകം മുഴുവൻ തിരഞ്ഞ പ്രതി, കണ്ണുവെട്ടിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം കണ്ണൂരിലെ മട്ടന്നൂരിൽ ഒളിവുജീവിതത്തിലായിരുന്നു. സവാദിനെ പിടികൂടാനായി രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും പുറത്തേറ്റ മുറിവുമായിരുന്നു എൻഐഎയ്‌ക്ക് തുണയായത്.
കണ്ണൂരിൽ ഷാജഹാനായാണ് ജീവിച്ചിരുന്നതെങ്കിലും ഒൻപത് മാസം മുൻപ് ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റിയിരുന്നില്ല. ഏതൊരു കുറ്റവാളിയും എന്തെങ്കിലും അവശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ ആയിരുന്നു ഇതും. ആധാർ കാർഡ്, തിരച്ചറിയൽ കാർഡ് എന്നിവയിലും സവാദ് എന്ന് തന്നെയായിരുന്നു. ഇവ എൻഐഎ സംഘം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ സവാദ് താമസിക്കുന്ന വീടിനെ കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും ഷാജഹാൻ എന്ന പേര് അന്വേഷണസംഘത്തെ കുഴപ്പിച്ചു. തുടർന്ന് നഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് വീട്ടുവിലാസത്തിലുള്ളത് സവാദ് തന്നെയാണെന്ന് എൻഐഎ സ്ഥിരീകരിച്ചത്.
തുടർന്ന് ഇന്നലെ പുലർച്ചെയാണ് സംഘം സവാദിനെ തേടി വീട്ടിലെത്തുന്നത്. സവാദിന്റെ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേര് ചോദിച്ചപ്പോൾ ഷാജഹാൻ എന്നാണ് പറഞ്ഞത്. ജോസഫിന്റെ കൈ വെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധം അറിയാതെ കൊണ്ട് സവാദിന്റെ പുറത്ത് പരിക്കേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ഷർച്ച് മാറ്റി, മുതുകിലെ പാട് എങ്ങനെയാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ ആരാഞ്ഞു. മുള്ള് കൊണ്ടതാണെന്നായിരുന്നു ഞൊടിയിടയിലെ മറുപടി. ചോദ്യം ചെയ്യൽ ശക്തമാക്കിയതോടെ നിവൃത്തിയില്ലാതെ ഷാജഹാൻ അല്ലെന്നും താൻ സവാദാണെന്നും സമ്മതിച്ചു.
കാസർകോട് സ്വദേശിയാണ് ഇയാളുടെ ഭാര്യയെന്നും ഇക്കാര്യങ്ങൾ അറിയാതെയാണ് വിാവഹം ചെയ്തതെന്നുമാണ് ഭാര്യ നൽകുന്ന വിശദീകരണം. ഭാര്യപിതാവ് എസ്ഡിപിഐ പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു. ഒന്നര വർഷം മുൻപാണ് ബേരത്തെ വാടക വീട്ടിലെത്തുന്നത്. ഈ സമയം ഭാര്യ ഗർഭിണിയായിരുന്നു. ഷാജഹാൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്നും അയൽക്കാരി ഓർമ്മിക്കുന്നു. 5,000 രൂപ വാടകയ്‌ക്കാണ് സവാദും കുടുംബവും താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളിൽ പ്രതിദിനം 1,200 രൂപ കൂലിയിൽ മരപ്പണി ചെയ്താണ് ജീവിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ സവാദിന്റഎ വരുമാനം നിലച്ചെന്നും തൊഴിൽ തേടി കണ്ണൂരിലെത്തിയതായി എൻഐഎയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.