ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങായി മുംബൈ വ്യവസായി. ജപ്തി തടയുന്നതിനായി ബാങ്കിൽ കുടിശ്ശിക അടയ്‌ക്കുന്നതിനുള്ള പണമാണ് വ്യവസായി നൽകിയത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ മകളുടെ
വിവാഹ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.
2022 ഓഗസ്റ്റിലാണ് ഓമന സ്വയം തൊഴിൽ വായ്പയായി 60,000 രൂപ പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്തത്. 15,000 രൂപയോളം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശ്ശികയായ 17,600 രൂപ അഞ്ച് ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.
ബാങ്കിൽ നിന്ന് കൃഷിയിറക്കാൻ വായ്പ ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മന്ത്രിമാരെത്തിയിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ കാറ്റിൽ പറന്നപ്പോഴാണ് കുടുംബത്തിന് കൈത്താങ്ങായി വ്യവസായി എത്തിയത്.