നടിപിൻ നായകൻ സൂര്യയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. 3ഡിയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സൂര്യ. കങ്കുവയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് എന്ന വാർത്തയാണ് താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
‘കങ്കുവ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എന്റെ അവസാന രംഗം ചിത്രീകരിച്ച് കഴിഞ്ഞതോടെ എല്ലാ ടീമംഗങ്ങളിലും വലിയൊരു ആശ്വാസം കാണാമായിരുന്നു. ഈ പൂർത്തിയാക്കൽ ഒരുപാട് നല്ല കാര്യങ്ങൾക്കുള്ള തുടക്കത്തിന് വേണ്ടിയാണ്. ഇത്രയും മനോഹരമായ ഓർമ്മകൾ സമ്മാനിച്ചതിന് സംവിധായകൻ ശിവയ്‌ക്കും മറ്റ് ടീമംഗങ്ങൾക്കും നന്ദി. കങ്കുവ ഒരുപാട് പ്രത്യേകതകളുള്ള ഒരു വലിയ സിനിമയാണ്, ചിത്രം എത്രയും പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ’. എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.
View this post on Instagram
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിൽ ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്.















