പ്ലേയറിന്റെ കുപ്പായം അഴിച്ചുവച്ച് പരിശീലക തൊപ്പി അണിയാൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. കമന്റേറ്റർ റോളിലും പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പരിശീലകനായുള്ള ആദ്യ ചുവട് വയ്പ്പ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ് താരത്തെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലാണ് താരം ബാറ്റിംഗ് ഉപദേശകനാകുന്നത്.
പരമ്പരയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും താരം കൺസൾട്ടന്റായി ടീമിനൊപ്പം ചേരുന്നത്. നിലവിൽ തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയാണ് ആർ.സി.ബി താരമായ ദിനേശ് കാർത്തിക്.ഈ മാസം അവസാനം മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക.
സ്പിൻ പിച്ചിൽ ഉഴലുന്ന ബാറ്റർമാർക്ക് വേണ്ട നിർണായക ഉപദേശങ്ങളാകും ദിനേശ് കാർത്തിക് നൽകുക. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് അനൗദ്യോഗിക പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. സ്പിൻ കൺസൾട്ടന്റായി മുൻതാരം ഗ്രേം സ്വാനിനെയും നിയമിച്ചിട്ടുണ്ട്.അഭിമന്യു ഈശ്വരൻ ഇന്ത്യ എ ടീമിനെ നയിക്കുമ്പോൾ ജോഷ് ബോനണ്‍ ആണ് ഇംഗ്ലണ്ട് എയുടെ നായകൻ. നാളെ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട്-എ ഇന്ത്യ എ പരമ്പര തുടങ്ങുന്നത്. പുതുമുഖങ്ങളാണ് ഇരു ടീമുകളിൽ ഏറിയ പങ്കും.