തിരുവനന്തപുരം: ഇന്ന് തിയേറ്ററുകളിലെത്തിയ ഓസ്ലറിലെ സർപ്രൈസ് പൊളിച്ച് അണിയറ പ്രവർത്തകർ. മെഗാസ്റ്റാർ മമ്മുട്ടിയുടെ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറക്കാർ തന്നെ മമ്മൂട്ടി ചിത്രത്തിലുള്ള കാര്യം പ്രേഷകരെ അറിയിച്ചത്. ഡോ. റൺധീർ കൃഷ്ണനൊരുക്കിയ തിരക്കഥയിൽ മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
‘ഇന്ത്യവിൻ മാപെരും നടികൻ മമ്മൂട്ടി’ എന്ന് എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററാണ് അണിയറക്കാർ പുറത്തുവിട്ടത്. അതസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം പുതിയൊരു പരീക്ഷണമാണ് ആരാധകർക്ക് മുന്നിൽ വയ്‌ക്കുന്നതെന്നാണ് സൂചന.
ജഗദീഷ് അടക്കമുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പതിവുപോലെ ജഗദീഷിന് ഓസ്ലറിലും മികച്ച കഥാപാത്രമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.