തിരുവനന്തപുരം: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ ആയിരുന്നു പ്രതിയുടെ ഒളിജീവിതമെന്നത് മാർക്സിസ്റ്റ് പാർട്ടിക്ക് ഭീകരവാദികളോടുള്ള മൃദുസമീപനവും രഹസ്യ ബന്ധവുമാണ് തെളിയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പോലീസിനെ നിർവീര്യമാക്കി രാഷ്ട്രീയ ഇടപെടലിലൂടെ ഭീകരവാദികൾക്ക് സംരക്ഷണം നൽകുകയാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ജോസഫ് മാഷിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച വൃഗ്രത പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് കാണിച്ചില്ലന്ന് മുരളീധരൻ ചോദിച്ചു. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ ഒളിത്താവളം ആകുമോയെന്ന് സാധാരണക്കാർക്ക് ഭയമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെയായിരുന്നു കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ എൻഐഎ പിടികൂടിയത്. മട്ടന്നൂരിൽ കുടുംബവും കുട്ടികളുമായി ഷാജഹാൻ എന്ന പേരിൽ ഒളിവുജീവിതം നയിക്കുകയായിരുന്നു പ്രതി. കാസർകോടുള്ള എസ്ഡിപിഐ പ്രവർത്തകന്റെ മകളെ ആറ് വർഷത്തിന് മുമ്പ് ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇതിൽ രണ്ട് മക്കളുണ്ട്. മട്ടന്നൂരിലെ ബേരത്ത് മരപ്പണി ചെയ്താണ് ഇയാൾ ജീവിച്ചിരുന്നത്.















