തലേ ദിവസത്തെ ചോറിലേക്ക് അൽപം മോരും പച്ചമുളകും ഉള്ളിയും ഉടച്ച്, പ്ലേറ്റിന്റെ ഒരു വശത്ത് കുറച്ച് അച്ചാറും മീൻപൊരിച്ചതും വച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹു ഭൂരിപക്ഷം മലയാളികൾ. തലേ ദിവസം ഉണ്ടാക്കിയ ആഹാരങ്ങൾ കഴിക്കുന്നത് നല്ലതല്ലെന്നു പറയുമ്പോൾ പഴങ്കഞ്ഞിയുടെ കാര്യത്തിൽ ഈ വാദം തിരുത്തിക്കുറിക്കുകയാണ് പതിവ്. പഴമക്കാരുടെ ആരോഗ്യ രഹസ്യം പഴങ്കഞ്ഞിയാണെന്നും അവർ പറയാറുണ്ട്. തലേ ദിവസത്തെ മീൻ കറിയും പഴങ്കഞ്ഞിയും കഴിക്കാൻ പ്രത്യേക രുചിയാണ്. എന്നാൽ എന്തുകൊണ്ടായിരിക്കും ഇതിനിത്ര രുചിയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അറിഞ്ഞോളൂ..
ചില ഭക്ഷണങ്ങൾ പഴകുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷനുകളിൽ ആ വിഭവത്തിന് രുചിയും മണവും കൂട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്. പഴച്ചാറുകൾ പഴകുന്തോറും രുചിയും വീര്യവും കൂടുമെന്ന് നാം കേട്ടിട്ടുണ്ടാകും. ഇതിനുപുറമെ കുടംപുളിയിട്ടു വച്ച മീൻ കറി ഒരു ദിവസം കഴിഞ്ഞതിനു ശേഷമാണ് ശരിക്കും പുളിയും മുളകും പിടിച്ച് കറി സ്വാദിഷ്ടമാവുന്നത്. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോഴും രുചി കൂടുന്നു. തൈര് ഇതിനൊരുദാഹരണമാണ്. മീൻകറി പോലുള്ളവ ഒരു ദിവസം എടുത്ത് വയ്‌ക്കുമ്പോൾ ദോശ മാവ് പുളിപ്പിക്കുന്നതു പോലെ കറിയിൽ പല കെമിക്കൽ റിയാക്ഷനുകളാണ് നടക്കുന്നത്. ഇത് മീൻ കറിയുടെയും പഴങ്കഞ്ഞിയുടേയുമൊക്കെ രുചിയും മണവും വർദ്ധിപ്പിക്കുന്നു.















